ഇരിട്ടി: താലൂക്ക് ആസ്പത്രിയിൽ കനിവ് കിഡ്‌നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ യൂണിറ്റും പ്രവർത്തനമാരംഭിച്ചു. കനിവ് വെൽഫെയർ സൊസൈറ്റിയുടെയും നഗരസഭയുടേയും സമീപ പഞ്ചായത്തുകളുടേയും ജീവകാരുണ്യ പ്രവർത്തകരുടേയും സഹായത്തോടെയാണ് രണ്ടാമത്തെ യൂണിറ്റ് ചൊവ്വാഴ്ച്ച് പ്രവർത്തന ക്ഷമമാക്കിയത്. രണ്ട് ഷിഫ്റ്റുകളിലായി 40തോളം പേർക്ക് ഡയാലീസീസ് ചെയ്യാനുള്ള സൗകര്യമാണ് ജനകീയ കൂട്ടായ്മ്മയിൽ പൂർത്തിയാക്കിയത്.
രണ്ടാം ഷീഫ്റ്റ് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നാലുവർഷം കൊണ്ട് നിർദ്ധനരായ രോഗികൾക്ക് 11867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസ് മെഷീനുകളിൽ ഒരുഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസീസ് നടത്തിയത്. മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ സാധ്യമായത്.
ഇരിട്ടി നഗരസഭയ്ക്ക് പുറമെ ആറളം, അയ്യൻകുന്ന് , പായം , ഉളിക്കൽ , പടിയൂർ പഞ്ചായത്തുകളാണ് താലൂക്ക് ആസ്പത്രി ഡയാലിസീസ് യൂണിറ്റിന്റെ പരിധിയിൽ വരുന്നത്. ഇവിടങ്ങളിൽ നിന്നെല്ലാമായി 250 തോളം പേരാണ് ഡയാലിസീസിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 90 ശതമാനവും നിർദ്ധനരായ രോഗികളുമാണ്. മൂന്നാം ഷിഫ്റ്റ് കൂടി പ്രവർത്തന ക്ഷമമാകുന്നതോടെ ഇതിൽ കൂടുതൽ പേർക്കും സൗജന്യമായി ഡയാലിസിസിനുള്ള സൗകര്യമാകും. നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യഷൻമാരായ കെ.സോയ, എ. കെ. രവീന്ദ്രൻ, കൗൺസിലർമാരായ വി. ശശി, കെ.നന്ദനൻ, ബിന്ദു, വെൽഫയർ സൊസൈറ്റി സെക്രട്ടറി അയ്യൂബ് പൊയിലൻ , അജയൻ പായം, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, ഹെഡ് നേഴ്‌സ് എ.കെ. ഹിമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒരുമാസം ഒരു ഷിഫ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ 4ലക്ഷത്തോളം രൂപ ചിലവ് വരും.രണ്ടാമതൊരു ഷിഫ്റ്റ് കൂടി പ്രവർത്തിക്കുന്നതോടെ എട്ട് ലക്ഷത്തോളം രൂപയാകും. കനിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാലയങ്ങൾ, കോളേജുകൾ കുടുംബശ്രീയൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. ഇതിനായി സുമനസ്സുകളുടെ സഹായവും വെൽഫെയർ സൊസൈറ്റി അഭ്യർത്ഥിക്കുന്നുണ്ട്. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്വരൂപിച്ച തുക കിഡ്‌നി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി. നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലതക്ക് പ്രധാന അധ്യാപിക ഷൈനി യോഹന്നാൻ തുക കൈമാറി. നഗരസഭ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, കനിവ് കിഡ്‌നി വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ അയ്യൂബ് പൊയിലൻ, അജയൻ പായം എന്നിവരും അധ്യാപകരായ പുരുഷോത്തമൻ പി. വി. ശശീന്ദ്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
#tag:
Kuthuparamba