Zygo-Ad

പഴശ്ശി ജലാശയത്തിൽ ഗണേശവിഗ്രഹം കണ്ടെത്തിയ സംഭവം : ദുരൂഹത നീങ്ങി

കണ്ണൂർ : കഴിഞ്ഞ ഞായറാഴ്ച ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് പഴശ്ശി ജലാശയത്തിൽ കണ്ടെത്തിയ ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട ദുരൂഹതക്ക് വിരാമമാകുന്നു. ഇരിട്ടി സി ഐ ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം പഴശ്ശി ജലാശയത്തിൽ എത്താനിടയായ കാരണവും ഇത് ഇവിടെ എത്തിച്ചവരെപ്പറ്റിയുള്ള വിവരവും ലഭിക്കുന്നത്.
2010 ൽ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരിൽ നടന്ന ഒരു ഫെയറിൽ നിന്നും വിലക്ക് വാങ്ങിച്ചതാണ് ഈ ലോഹ നിർമ്മിതമായ ഗണേശ വിഗ്രഹം. 6800 രൂപ വിലകൊടുത്തായിരുന്നു ഈ വിഗ്രഹം ഇയാൾ വാങ്ങിയത്. 2017 ൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ പൂജക്കായി എത്തിയ മുഴക്കുന്ന് ക്ഷേത്രത്തിലെ കർണ്ണാടക സ്വദേശിയായ പൂജാരി ഈ പ്രതിമ തനിക്കു തരുമോ എന്ന് ജ്വലറി ഉടമയോട് ചോദിക്കുകയും അദ്ദേഹം പൂജാരിക്ക് പ്രതിമ കൈമാറുകയും ചെയ്തു. പൂജാരി പ്രതിമ വീട്ടിലേക്കു കൊണ്ടുവരികയും വീട്ടിൽ വെച്ച് പൂജകൾ നടത്തുകയും ചെയ്തു. ഇതിനിടയിൽ വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടായതോടെ പ്രതിമയെ വീട്ടിനകത്തുനിന്നും പുറത്തെ വരാന്തയിലേക്ക് മാറ്റി.
രണ്ടാഴ്ചമുമ്പ് പഴയ സാധനങ്ങൾ എടുക്കാനായി വീട്ടിൽ എത്തിയ പുന്നാട് സ്വദേശി വിഗ്രഹം കാണുകയും അത് തനിക്കു തരുമോ എന്ന് ചോദിക്കുകയും ചെയ്തു. താൻ സന്തോഷത്തോടെ വിഗ്രഹം ഇയാൾക്ക് കൈമാറുകയായിരുന്നു എന്നാണ് പൂജാരി പോലീസിനോട് പറഞ്ഞത്.
തുടർന്ന് ഇയാൾ വീട്ടിലെത്തിച്ച വിഗ്രഹം വീട്ടുകാർ ആരും കാണാതെ ചകരിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചു. ഇതിന്ശേഷം തന്റെ വീട്ടിൽ പല അനർത്ഥങ്ങളും ഉണ്ടാവുകയും പ്രതിമകരണമാണ് ഇതെന്ന ബോധ്യത്തിൽ രാത്രിയിൽ വാഹനത്തിൽ കയറ്റി പഴശ്ശി ജലാശയത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു എന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം പൂജാരിക്ക് തന്നെ കൈമാറാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

വളരെ പുതിയ വളരെ പഴയ