Zygo-Ad

ഇരിട്ടി താലൂക്കിലെ 10 റോഡുകളുടെ നവീകരണം ശുപാർശ പണമില്ലെന്ന് പറഞ്ഞ് ചീഫ് എഞ്ചിനീയർ മടക്കി.

ഇരിട്ടി: താലൂക്ക് ആസ്‌ഥാനത്തേക്കു എത്തുന്ന ഇരിട്ടി – പേരാവൂർ – നെടുംപൊയിൽ, മാടത്തിൽ – കീഴ്പ്പള്ളി – ആറളം ഫാം – പാലപ്പുഴ കാക്കയങ്ങാട്, ഇരിട്ടി – ഉളിക്കൽ – മാട്ടറ – കാലാങ്കി എന്നീ പ്രധാന പാതകൾ ഉൾപ്പെടെ 10 റോഡുകളുടെ നവീകരണം സംബന്ധിച്ച ശുപാർശ പണം ഇല്ലെന്നു കാരണം പറഞ്ഞു ചീഫ് എൻജിനീയർ മടക്കി.
മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ വീണ്ടും കാണുമെന്ന് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
നേരത്തെ എംഎൽഎ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നു പരിശോധന നടത്താൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണു പണം ഇല്ലെന്നു കാരണത്തോടെ ഫയൽ മടക്കിയത്. എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.
ഇരിട്ടി – പേരാവൂർ – നെടുംപൊയിൽ റോഡിന് 20 കോടി രൂപയാണ് നവീകരണത്തിനു ആവശ്യപ്പെട്ടത്. മാടത്തിൽ കീഴ്പ്പള്ളി റോഡ് അറ്റകുറ്റപ്പണിക്ക് 4.85 കോടി രൂപയ്ക്ക് സമർപ്പിച്ച ശുപാർശയും പരിഗണിച്ചില്ല. 10 വർഷത്തിലധികമായി നവീകരണം നടത്താത്ത ഈ റോഡുകൾ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതിന്റെ അടിയന്തര സാഹചര്യം മന്ത്രിയെ വീണ്ടും നേരിൽ കണ്ടു ബോധ്യപ്പെടുത്തുമെന്നു എംഎൽഎ വ്യക്തമാക്കി.
നീണ്ടുനോക്കി പാലം കോൺക്രീറ്റ് കഴിഞ്ഞതായും കേളകം – അടയ്ക്കാത്തോട് റോഡ് പണി പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ആറളം ഫാമിൽ ആനമതിൽ പണി ഊർജിതമാണ്. ആറളം – വീർപ്പാട്, ഇടവേലി – അത്തിക്കൽ, വാളത്തോട് – 110 കോളനി, കേളകം അടയ്ക്കാത്തോട് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. കീഴ്പ്പള്ളി സാമുഹ്യാരോഹ്യ കേന്ദ്രത്തിന്റെ 11.4 കോടി രൂപയുടെ പുതിയ കെട്ടിടം പണി ആരംഭിച്ചു. അടയ്ക്കാത്തോട് – ശാന്തിഗിരി, കുന്നോത്ത് കേളൻപീടിക, കരിക്കോട്ടക്കരി – ഈന്തുംകരി – അങ്ങാടിക്കടവ് എന്നീ റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഷീല ചോറൻ (റോഡ്‌സ്), ആശിഷ് കുമാർ (കെഎസ്‌ടിപി), അസിസ്‌റ്റൻ്റ് എൻജിനീയർമാരായ ടി.കെ. റോജി (കെആർഎഫ്ബി), ധന്യ (മരാമത്ത് അറ്റകുറ്റപ്പണി വിഭാഗം), ബിനോയി (പാലങ്ങൾ വിഭാഗം) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ