ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടങ്ങളിൽ തൊഴിലാളികൾക്ക് അപകടമുണ്ടാക്കുന്നരീതിയിൽ സ്ഫോടക വസ്തുക്കൾ നിക്ഷേപിക്കുന്നത് തുടർക്കഥയാവുന്നു. വ്യാഴാഴ്ച കൃഷിയിടത്തിൽ നിന്നും തൊഴിലാളികൾക്ക് സ്ഫോടകവസ്തു ലഭിച്ചതോടെ ഇത് തൊഴിലാളികളിലും ഭീതി ഉളവാക്കിയിരിക്കയാണ്. ഇത്തരം സ്ഫോടക വസ്തുക്കളിൽ ചവിട്ടുകയോ കൃഷി ഉപകരണങ്ങൾ തട്ടുകയോ ചെയ്താൽ അത് പൊട്ടിത്തെറിച്ച് അപകടമുണ്ടാകാം എന്നതാണ് ഭീതിക്ക് കാരണമാകുന്നത്.
കാട്ടുപന്നി, മലാൻ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടാനായാണ് കൃഷിയിടങ്ങളിൽ ചിലർ പന്നിപ്പടക്കം എന്ന് വിളിക്കുന്ന സ്ഫോടക വസ്തുക്കൾ വെക്കുന്നത്. കഴിഞ്ഞദിവസം ട്രാക്ടർ കടന്നു പോകുമ്പോൾ അതിൽ തട്ടി പന്നിപ്പടക്കം പൊട്ടിയിരുന്നു. വാഹനത്തിൽ ആയതിനാൽ അതിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ല. മുൻപും ഈ വിധത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിരുന്നു.
വ്യാഴാഴ്ച ഫാമിലെ ഒന്നാം ബ്ലോക്കിൽ തൊഴിലിലേർപ്പെട്ടവരാണ് പന്നിപ്പടക്കം കണ്ടെത്തിയത്. ആറളം പോലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തു കസ്റ്റഡിയിലെടുത്തു. ഈ മേഖലയിൽ രാത്രികാലങ്ങളിൽ വന്യജീവി വേട്ട സ്ഥിരമായിരിക്കുന്നുണ്ടെന്നാണ് വിവരം. കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു കാട്ടാനക്കുട്ടി സ്പോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞ സാഹചര്യവും ഉണ്ടായിരുന്നു. വനംവകുപ്പും പോലീസും ജാഗ്രത പാലിച്ചില്ലെങ്കിൽ ആറളം ഫാമിലെ തൊഴിലാളികളുടെ ജീവന് തന്നെ ഇത് ഭീഷണിയായേക്കും
#tag:
Kuthuparamba