ഇരിട്ടി: എഴുത്തുകാരന്റെ കാലവും വായനക്കാരന്റെ സമകാലികതയും വായിക്കുന്നവന്‍ നല്‍കുന്ന അറിവും അനുഭവവുമാണ് വായന. വായനയുടെ രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും മലയാളി സംസ്‌കാരം നിലനില്‍ക്കുന്നിടത്തോളം കാലം ജീവിതത്തിന്റെ അഭിഭാജ്യ ഘടകമായി വായന നിലനില്‍ക്കുമെന്നുറപ്പിക്കാം. എന്നിട്ടുമെന്തേ വായന മരിക്കുന്നു എന്ന പരിവേദനകള്‍ നമുക്കുചുറ്റുമുയരുന്നു. വായന കുറഞ്ഞു വരുന്നെങ്കില്‍ നാമത് പറഞ്ഞുകൊണ്ടേയിരുന്നാല്‍ മതിയോ, വായനയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ വായന വളര്‍ത്താനായി ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വായനാ യജ്ഞത്തിന് പുതുവത്സരത്തില്‍ ലൈബ്രറി കൗണ്‍സില്‍ ഇരിട്ടി താലൂക്ക് കമ്മിറ്റി തുടക്കം കുറിക്കുകയാണ്. വീട്ടുകാര്യങ്ങളില്‍ വായനയുടെ അനുഭൂതികളിലേക്ക് കൈപിടിച്ചാനയിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് വനിത – വയോജന പുസ്തക വിതരണ പദ്ധതി. വനിതാലൈബ്രേറിയന്‍ ആഴ്ചയിലൊരു ദിവസം വീടുകളിലെത്തി പുസ്തക വിതരണം ചെയ്യുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിയില്‍ ഇരിട്ടി താലൂക്കിലെ 9 ഗ്രന്ഥശാല പരിധികളിലായി ആയിരത്തി അഞ്ഞൂറിലധികം അംഗങ്ങളുമുണ്ട്. നാലായിരത്തിലധികം വായനക്കാരും. ഈ വായനക്കാരുടെ കൂട്ടായ്മ രൂപപ്പെടുത്തി അകം – പുറം ഒരു അക്ഷരയാത്ര എന്ന പേരില്‍ വായനായജ്ഞത്തിനാണ് തുടക്കമാവുന്നത്.
ഒരു ഗ്രന്ഥശാലയിലെ വി. പി. വി. പി. പദ്ധതിയിലെ വായനക്കാരുടെ സംഗമമാണ് ആദ്യം നടക്കുക. പിന്നീട് റൂട്ട് ഡയറിയുടെ അടിസ്ഥാനത്തില്‍ മാസത്തിലൊരു തവണ പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കും. 9 ഗ്രന്ഥശാലകളില്‍ 12 പുസ്തക ചര്‍ച്ചകള്‍ താലൂക്കിലാകെ 108 പുസ്തക ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സംഘടിപ്പിക്കും. എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, മികച്ച വായനക്കാരെ ആദരിക്കല്‍, പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രരചനകള്‍, നാടകാവിഷ്‌കാരങ്ങള്‍ എന്നിവ വായനാ യജ്ഞത്തിന്റെ ഭാഗമായി നടക്കും. താലൂക്ക് തല ഉദ്ഘാടനം ഡിസംബര്‍ 28 ന് പായം ഗ്രാമീണ ഗ്രന്ഥാലയത്തില്‍ സംസ്ഥാന സെക്രട്ടറി വി.കെ. മധു . നിര്‍വ്വഹിക്കും. താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി. കെ വിജയൻ , താലൂക്ക് പ്രസിഡന്റ് പി.കെ കുഞ്ഞികൃഷ്ണൻ, സക്കീർ ഹുസൈൻ, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി തുടങ്ങിയവർ പങ്കെടുക്കും.
ചിന്തയേയും ജീവിതത്തേയും മാറ്റി മറിക്കാനും നവീകരിക്കാനുമുള്ള ശക്തമായ ഒരു മാധ്യമമാണ് പുസ്തകം. ആ പുസ്തകം തുടര്‍ച്ചയായി വായിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പുതുവര്‍ഷത്തിലൊരുങ്ങുന്നത്
#tag:
Kuthuparamba