Zygo-Ad

സ്‌ക്രീൻ ഷെയർ ആപ്പിലൂടെ ഓൺലൈൻ തട്ടിപ്പ്;കതിരൂർ പാട്യം സ്വദേശിക്ക് പണം നഷ്ടമായി.

ആർമിയിൽ നിന്നും റിട്ടയർ ആയശേഷം തന്റെ പേരിലുള്ള പേഴ്സണൽ ലോൺ ക്ലോസ് ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്തു കിട്ടിയ ജയ്സാൽമീറിലുള്ള ബാങ്കിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടുകയും ബാങ്കിന്റെ സീനിയർ കൺസൾട്ടന്റാണെന്ന് പരിചയപ്പെടുത്തിയാൾ പറഞ്ഞതനുസരിച്ച് പ്ലേസ്റ്റോറിൽ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്കയും ചെയ്തു.
തുടർന്നാണ് തട്ടിപ്പിന് ഇരയായത്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പെർമിഷൻ നൽകിയതോടെ ഫോൺ സ്ക്രീൻ ഷെയർ ചെയ്യപ്പെടുകയും പിന്നീട് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് എടിഎം വഴി 232535 രൂപ പലതവണകളായി തട്ടിയെടുക്കുകയായിരുന്നു. സ്ക്രീൻ ഷെയർ ചെയ്യപ്പെടുന്നതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിച്ചത്.കതിരൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള ഒരു എളുപ്പ വഴിയാണ് സ്ക്രീൻ ഷെയർ ആപ്ലിക്കേഷനുകൾ. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ചില ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങൾക്ക് അയച്ചുതരും. ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും, ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്ക്രീൻ ഷെയറിങിലൂടെ തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നത്. സ്‌ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും.
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകൾ എന്നിവ പൂർണമായും അവഗണിക്കുക
ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി.വി.സി, ഒ.ടി.പി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്.ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.

വളരെ പുതിയ വളരെ പഴയ