ആലക്കോട്: വെള്ളാട് വില്ലേജിലെ തേർമലയിൽ വ്യാഴാഴ്ച വൈകീട്ട് ഉരുൾപൊട്ടി. സമീപത്തെ മാളിയേക്കൽ സജിയുടെ വീടിന്റെ പുറക് വശത്ത് മണ്ണും കല്ലും ഒഴുകിയെത്തി. മലവെള്ളം കുത്തിയൊഴുകിയ സ്ഥലങ്ങളിലെ കൃഷിയും നശിച്ചു. ആറേക്കർ കൃഷിയിടത്തിൽ ഉരുൾപൊട്ടിയും വെള്ളം കുത്തി ഒഴുകിയും നാലേക്കർ ഭൂമി നശിച്ചു. കുടുംബം അയൽവാസിയുടെ വീട്ടിലേക്ക് താമസം മാറ്റി.
ഉപേക്ഷിച്ച പാറമടയുടെ അടിയിൽ നിന്നാണ് ശക്തമായ മലവെള്ള പാച്ചിലുണ്ടായത്. വെള്ളം ശക്തിയായി കുത്തിയൊലിച്ച് കൃഷികൾ നശിക്കുകയും മേൽ മണ്ണാകെ കുത്തിയൊഴുക്കുകയും ചെയ്തു. സമീപത്തെ അഞ്ച് വീടുകളിലുള്ളവരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടിയ മലയുടെ താഴ്‌വാരത്ത് നിരവധി വീടുകളുണ്ട്.