കൂത്തുപറമ്പ് :പാടിയും കൈകൊട്ടിയും പരസ്പരം സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചുകൊണ്ടും അവർ ഒരുമിച്ചു കൂടി.വർഷങ്ങളായി വീടിനുള്ളിലെ രോഗകിടക്കയിൽ വീർപ്പുമുട്ടി കഴിയുന്ന കിടപ്പ് രോഗികളുടെ മനസ്സിന്റെ മുറിവുണക്കാൻ ആശ്വാസ സ്പർശമായി സാന്ത്വന സംഗമം. ഭിന്നശേഷിക്കാർ, അരക്കു താഴെ തളർന്നവർ, പ്രായാധിക്യം മൂലം കിടപ്പിലായവർ തുടങ്ങിയവരും അവരുടെ കുടുംബങ്ങളും കൂട്ടായ്മയിൽ പങ്കെടുത്തു.കൂത്തുപറമ്പ് മുനിസിപ്പൽ ഗ്ലോബൽ കമ്മറ്റിയും പാലിയേറ്റീവ് രംഗത്ത് പാനൂർആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ ഇന്നൊവേറ്റീവ് ഫോർ മേഴ്‌സി ആന്റ് സർവീസ് സംഘടനയുമാണ് സ്നേഹ വിരുന്ന് ഒരുക്കിയത്..ശംസുൽ ഉലമ അക്കാദമിയിൽ വെച്ചുനടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ഉദ്ഘാടനം ചെയ്തു.കെ എം ജി സി പ്രസിഡന്റ് എം യൂസഫ് ഹാജി അധ്യക്ഷനായി. സ്റ്റിംസ് കോർഡിനേറ്റർ ബാങ്കിൽ ഹനീഫ പരിപാടിയെക്കുറിച്ച് പരിചയപ്പെടുത്തി. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്,വി പി അബുബക്കർ, നസീർ ഹാജി, ഷമീർ എന്നിവർ സംസാരിച്ചു.സാന്ത്വന സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും കെ എം ജി സി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ശംസുൽ ഉലമയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെഹൃദയം കുളിർപ്പിക്കുന്ന കലാ പരിപാടികൾ സ്നേഹ വിരുന്നിനെ മികവാർന്നതാക്കി മാറ്റി.