Zygo-Ad

മാലിന്യ സംസ്കരണത്തിന്റെ പാഠം പഠിപ്പിക്കാൻ ഗണപതി വിലാസം സ്കൂളിലെ കുട്ടികൾ


മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി സമൂഹത്തിലാകെ മാലിന്യ സംസ്കരണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള സന്ദേശ വാഹകരാകാൻ പുത്തൻ വഴികളിലൂടെ സഞ്ചരിക്കുകയാണ് പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിലെ കുട്ടികൾ. ആയിരം മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ നിർമ്മിച്ച് കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങും. 

മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന മുദ്രാവാക്യമുയർത്തി മാലിന്യ സംസ്കരണ ശീലങ്ങൾ ശരിയായ രീതിയിൽ കുട്ടികളിൽ വളർത്തുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകരാനും മുന്നിട്ടിറങ്ങുകയാണ് ഇവർ. കടകളിൽ നിന്നും പഴയ കാർഡ് ബോർഡ് പെട്ടികൾ ശേഖരിച്ച് ആയിരം മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ ഉണ്ടാക്കി. ജൈവ അജൈവ മാലിന്യങ്ങൾ എന്ന രീതിയിൽ തരംതിരിച്ച് പോസ്റ്റർ ആലേഖനം ചെയ്തു. സ്കൂളിൻ്റെ പേരും പതിച്ച് സ്കൂളിലെ 250 കുട്ടികളുടെ വീട്ടിലും രണ്ടു വീതം മനോഹരമായ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ നൽകും. എല്ലാ വീട്ടിലും സ്വീകരണമുറിയിൽ സ്ഥാപിക്കുന്ന ഈ ബാസ്ക്കറ്റുകളിൽ വീടുകളിൽ ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള കടലാസു മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളും വേർതിരിച്ച് ശേഖരിക്കാം. 

വലിയ മാലിന്യ ശേഖരണം എന്നതിലപ്പുറം മാലിന്യ സംസ്കരണ ശീലങ്ങൾ പൊതുസമൂഹത്തിൽ എത്തിക്കലാണ്  ഉദ്ദേശം. സ്കൂളിലെ 250 കുട്ടികൾക്ക് വേണ്ടി 500 ബാസ്ക്കറ്റുകൾ ആണ് ഇതിനുവേണ്ടി തയ്യാറാക്കുന്നത്. ഇതിനുപുറമേ സ്കൂളിന് ചുറ്റുപാടുമുള്ള 200 വീടുകളിലും കുട്ടികൾ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ എത്തിക്കും. പിണറായി പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളിലും രണ്ടു വീതം ബാസ്ക്കറ്റുകൾ നൽകാനാണ് കുട്ടികളുടെ ആലോചന. ഇതിനു മുന്നോടിയായി മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ നിർമ്മിക്കുന്നതിനുള്ള ശില്പശാല നടന്നു . രക്ഷിതാക്കളും കുട്ടികളും അധ്യാപകരും അടക്കം നൂറുകണക്കിനാളുകൾ ശില്പശാലയിൽ പങ്കെടുത്തു. ഇവരുടെ കൂട്ടായ്മ ഒരു മണിക്കൂറിനുള്ളിൽ നൂറുകണക്കിന് മനോഹരമായ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകളാണ് നിർമ്മിച്ചത്. ശില്പശാല പിണറായി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വി വി സന്ദീപ് കുമാർ അധ്യക്ഷനായി. പ്രധാന അധ്യാപിക ടി എൻ റീന, ശ്രുതി സിനേഷ് എന്നിവർ സംസാരിച്ചു. സ്കൂൾ ക്രാഫ്റ്റ് അധ്യാപകൻ ബാബുരാജ് ശില്പശാലയ്ക്ക് നേതൃത്വം നൽകി.
വളരെ പുതിയ വളരെ പഴയ