അഞ്ചരക്കണ്ടി: ജങ്ഷനില്‍ അപകടങ്ങള്‍ തുടർക്കഥയാവുന്നു. എത്ര വലിയ അപകടങ്ങളുണ്ടായാലും പരിഹാര നടപടികള്‍ കൊള്ളാൻ തയാറാക്കാത്ത അധികൃതരും.
നാലും ഭാഗങ്ങളില്‍ നിന്ന് ഒരേ സമയം വാഹനങ്ങള്‍ വരുന്ന ജങ്ഷനില്‍ ഹമ്പ് വേണമെന്നാവശ്യവുമായി നാട്ടുകാരും വ്യാപാരികളും അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
അപകടങ്ങള്‍ തുടർക്കഥയാകുമ്പോള്‍ ഭീതിയോടെയാണ് ജനം റോഡരികില്‍ നില്‍ക്കുന്നത്. ഞായറാഴ്ച രാത്രിയില്‍ നടന്ന കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ ബസ് കാത്തു നിന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. അപകടങ്ങള്‍ വ്യാപാരികള്‍ക്കും ഏറെ തലവേദന സൃഷ്ടിക്കുന്നു.
ഞായറാഴ്ച നടന്ന അപകടത്തില്‍ പുതുമ വസ്ത്രാലയത്തിന്റെ കടയുടെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകരുകയും സിഗ്നല്‍ ലൈറ്റ് പൊട്ടി വീഴുകയും ചെയ്തു. രണ്ടു മാസം മുമ്പ് നടന്ന അപകടത്തില്‍ ജങ്ഷനിലെ വ്യാപാരിയുടെ ഫർണീച്ചറും തകർന്നിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ടൗണായ അഞ്ചരക്കണ്ടിയില്‍ അപകടം തുടർച്ചയായിട്ടും നടപടിയുണ്ടാവാത്തതില്‍ നാട്ടുകാരില്‍ വ്യാപക പ്രതിഷേധവുമുണ്ട്. കഴിഞ്ഞ ദിവസത്തെ അപകട വിവരമറിഞ്ഞെത്തിയ പിണറായി പൊലീസിനോട് നാട്ടുകാർ ഏറെ നേരം പ്രതിഷേധം അറിയിച്ചിരുന്നു.