Zygo-Ad

ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമം പാളി; കൂത്തുപറമ്പിൽ മൂന്ന് ചാക്ക് തേങ്ങയുമായി മുങ്ങിയ 14-കാരൻ പിടിയിൽ


കൂത്തുപറമ്പ്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂന്ന് ചാക്ക് തേങ്ങയുമായി കടന്ന പതിനാലുകാരനെ കൂത്തുപറമ്പ് പോലീസ് കണ്ടെത്തി. തിരുവഞ്ചേരിക്കാവ് പഴയനിരത്ത് മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1:30-ഓടെയായിരുന്നു സംഭവം.

ക്ഷേത്രത്തിലെത്തിയ കുട്ടി ഭണ്ഡാരത്തിന്റെ പൂട്ട് തുറക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഭണ്ഡാരം തുറക്കാൻ സാധിക്കാതെ വന്നതോടെ, ക്ഷേത്ര ചടങ്ങുകൾക്കായി വളപ്പിൽ സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങയുമായി കടന്നുകളയുകയായിരുന്നു. അർദ്ധരാത്രി ആ വഴി വന്ന ഓട്ടോറിക്ഷയിലാണ് കുട്ടി തേങ്ങ കടത്തിയത്.

ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ പതിനാലുകാരനാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കസ്റ്റഡിയിലെടുത്തു. വീട് വിട്ടിറങ്ങിയ സമയത്ത് പ്രദേശത്തുനിന്ന് ഒരു സൈക്കിളും മൊബൈൽ ഫോണും ഇയാൾ മോഷ്ടിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ