കണ്ണൂർ: തളിപ്പറമ്പില്‍ നടന്ന സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദനെ ഒഴിവാക്കിയതില്‍ വിവാദം.
പ്രായപരിധിയില്‍ വരാത്ത പി. മുകുന്ദനെ ഒഴിവാക്കിയത് ആന്തൂർ നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും പ്രായപരിധി കഴിഞ്ഞവരെയും ഒഴിവാക്കുന്ന കൂട്ടത്തില്‍ പി. മുകുന്ദനെയും ഒഴിവാക്കുകയായിരുന്നു.
ആന്തൂർ നഗരസഭാ ചെയർമാനായ പി. മുകുന്ദൻ തളിപ്പറമ്പ് മേഖലയിലെ മുതിർന്ന നേതാക്കളില്‍ ഒരാളാണ്. ഇദ്ദേഹത്തിന് പകരമാണ് തളിപ്പറമ്പില്‍ നിന്നുള്ള സി.എം കൃഷ്ണനെ ജില്ലാ കമ്മിറ്റിയിലെടുത്തത്.
പി.കെ ശ്യാമളയ്ക്കു ശേഷം പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിലെ ചെയർമാനാണ് പി. മുകുന്ദൻ. ഭരണതലത്തില്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച്ചയില്‍ നേരത്തെ പി. മുകുന്ദനെതിരെ പാർട്ടിക്കുള്ളില്‍ ചർച്ച നടന്നിരുന്നു..
ഫ്ളക്സ് ബോർഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തില്‍ സോഷ്യല്‍ മീഡിയയിലും പാർട്ടി അനുഭാവികള്‍ രംഗത്തു വന്നിരുന്നു. ആന്തൂർ നഗരസഭയിലെ ഭരണപരാജയത്തെ കുറിച്ചു കഴിഞ്ഞ ഏരിയ സമ്മേളനത്തിലും ചർച്ചയായി. ഇതേ തുടർന്നാണ് മുകുന്ദനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കിയതെന്നാണ് വിവരം.
പ്രതിപക്ഷമില്ലാതെ സി.പി.എം ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയാണ് ആന്തൂർ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പല വാർഡുകളിലും ഇവിടെ മത്സരിക്കാൻ പോലും മറ്റു പാർട്ടിക്കാർ തയ്യാറാകാറില്ല. പി. മുകുന്ദനെ തരംതാഴ്ത്തിയത് പാർട്ടിക്കുള്ളില്‍ സജീവ ചർച്ചയായിട്ടുണ്ട്.