മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഫുജൈറയിലേക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി.
മേയ് 15 മുതൽ പ്രതിദിന സർവീസാണ് നടത്തുക. 12,159 രൂപ മുതലാണ് ബുക്കിങ് തുടങ്ങിയപ്പോഴുള്ള ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് ഫുജൈറയിൽ എത്തും.
തിരിച്ച് പ്രാദേശിക സമയം വെളുപ്പിന് 3.40ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിൽ എത്തും. ആദ്യമായാണ് കണ്ണൂരിൽ നിന്ന് ഫുജൈറ സർവീസ് ആരംഭിക്കുന്നത്.
സമ്മർ ഷെഡ്യൂളിൽ അഞ്ച് വിമാനത്താവളങ്ങളിലേക്ക് ഇൻഡിഗോ രാജ്യാന്തര സർവീസ് നടത്തും.