Zygo-Ad

സീൽ ചെയ്ത കടയിൽ കുടുങ്ങിയ കുരുവിക്ക് ഉടൻ മോചനം; ഇടപെട്ട് ജില്ലാ കളക്ടർ, അടിയന്തരമായി കട തുറക്കാൻ നിർദേശം

 


കണ്ണൂർ: കണ്ണൂരില്‍ കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് കണ്ണൂർ ജില്ലാ കളക്ടർ. അടിയന്തരമായി കട തുറന്ന് കുരുവിയെ മോചിപ്പിക്കാന്‍ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉളിക്കൽ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിർദേശം നല്‍കി.

കണ്ണൂരിലെ ഉളിക്കലിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ ചില്ലുകൂട്ടിനുള്ളിൽ അകപ്പെട്ട അങ്ങാടിക്കുരുവിയാണ് വെള്ളവും ഭക്ഷണവുമില്ലാതെ അലയുന്നത്. ദിവസങ്ങളായി അങ്ങാടിക്കുരുവി കടയുടെ ഉള്ളിൽ കുടുങ്ങി കിടക്കുകയാണ്.

വ്യാപാരികൾ തമ്മിലുള്ള തർക്കം കാരണം കോടതിയിൽ കേസ് നടക്കുന്നതിനാൽ ഈ സ്ഥാപനത്തിന്റെ പൂട്ട് മുദ്രവെച്ചിരിക്കയാണ്.

കുരുവിയെ രക്ഷിക്കണമെങ്കിൽ കടയുടെ ഷട്ടറിനു മുന്നിൽ സ്ഥാപിച്ച ഗ്ലാസ് പാളിയുടെ പൂട്ട് തുറക്കണം. പക്ഷേ, നിയമപ്രശ്നം നിലനിൽക്കുന്നതിനാൽ പൂട്ട് തുറക്കാനായില്ല. ചില്ലുകൂട്ടിൽനിന്ന് പുറത്തുവരാനാകാതെ ചില്ലിൽ തട്ടി നിലത്ത് വീഴുന്ന കുരുവിയുടെ അവസ്ഥ വേദനയുണ്ടാക്കുന്നതാണ്.

വ്യാപാരികളും ടാക്സിതൊഴിലാളികളും വെള്ളവും തീറ്റയും ചില്ലുകൂടിനുള്ളിലേക്ക് കടത്താനുള്ള ശ്രമം നടത്തിയിരുന്നു. ഇത് വിജയിച്ചില്ല. നിയമക്കുരുക്കിന്റെ പേരിൽ അങ്ങാടിക്കുരുവിയുടെ ജീവൻ നഷ്ടമാക്കരുതെന്ന അഭ്യർഥനയായിരുന്നു നാട്ടുകാർക്കുള്ളത്.

വളരെ പുതിയ വളരെ പഴയ