Zygo-Ad

കേസില്‍ പെട്ട് സീല്‍ ചെയ്ത കടക്കുള്ളില്‍ കുടുങ്ങി കുരുവി; കട തുറന്ന് മോചിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്


കണ്ണൂർ (ഉളിക്കൽ): കേസില്‍ പെട്ട് പൂട്ടിയ കടയുടെ ഗ്ലാസ് കൂടിനുള്ളില്‍ കുടുങ്ങിയ കുരുവിയെ കട തുറന്ന് മോചിപ്പിക്കാൻ കലക്ടറുടെ ഉത്തരവ്.

കണ്ണൂർ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുണ്‍ കെ. വിജയൻ ഉളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്‍കി.

ഉളിക്കലിലെ ടെക്സ്റ്റൈല്‍ സ്ഥാപനമാണ് കേസില്‍ പെട്ട് കോടതി ഉത്തരവ് പ്രകാരം പൂട്ടി സീല്‍ ചെയ്തത്. സ്ഥാപനത്തിന്‍റെ മുൻവശത്ത് ചില്ലു കൂടാണ്. 

ഇതിന്‍റെയുള്ളിലാണ് കുരുവി കുടുങ്ങിത്. കടപൂട്ടി സീല്‍ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.

ചില്ലു കൂട്ടിനുള്ളില്‍ പറക്കുന്ന കുരുവി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

പൂട്ടി സീല്‍ ചെയ്തതിനാല്‍ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നല്‍കാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. 

നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്ന് അറിയിച്ചു.

സംഭവം ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുണ്‍ കെ. വിജയന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് കുരുവിയെ പുറത്തെത്തിക്കാൻ അദ്ദേഹം നടപടിയെടുത്തത്.

വളരെ പുതിയ വളരെ പഴയ