മട്ടന്നൂർ: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാട്സ്‌ആപ്പ് സന്ദേശത്തില്‍ വിശ്വസിച്ച് കണ്ണൂരില്‍ ഡോക്ടർക്ക് നഷ്ടമായത് 4,44,20,000 രൂപ.
മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ പല തവണകളിലായാണ് പണം തട്ടിയത്.
പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസില്‍ പരാതി നല്‍കി. കണ്ണൂർ ജില്ലയില്‍ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈൻ തട്ടിപ്പ് കൂടിയാണിത്.
ഡോക്ടറുടെ മൊബൈലില്‍ ലഭിച്ച വാട്ട്സ്‌ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു സന്ദേശം.
വാട്ട്സ്‌ആപ്പില്‍ ലഭിച്ച അക്കൗണ്ടില്‍ പല തവണയായി പണം നിക്ഷേപിച്ചു. വാട്ട്സ്‌ആപ്പില്‍ ലഭിച്ച ലിങ്കില്‍ പ്രവേശിച്ച് അജ്ഞാതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പണം നിക്ഷേപിച്ചുവെന്നല്ലാതെ തിരികെയൊന്നും ലഭിക്കാതായതോടെയാണ് ഡോക്ടർക്ക് തട്ടിപ്പ് സംശയമുയർന്നത്. തുടർന്ന് സൈബർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.