കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഏകദേശം പൂർത്തിയായിരിക്കുകയാണെന്നും ഒക്ടോബർ മാസത്തോടെ ഉദ്ഘാടനം നടത്താനാകുമെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചത്.
ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ പ്രോപ്പോസൽ പരിശോധിച്ചുവരുന്നതായും, കെ.പി. മോഹനൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായും മന്ത്രി വ്യക്തമാക്കി.
നബാർഡ് ആർ.ഐ.ഡി.എഫ്. പദ്ധതിയുടെ കീഴിൽ 13.045 കോടി രൂപ ചെലവിൽ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയിരുന്നു. തുടർന്ന്, 46.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച രണ്ടാം ഘട്ടവും പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ്.
പുതിയ കെട്ടിടത്തിൽ ഐ.സി.യു., പീഡിയാട്രിക്‌സ്, ന്യൂബോൺ, മെഡിക്കൽ, സർജിക്കൽ വാർഡുകൾ, ജനറൽ സർജറി, ഓഫ്താൽമോളജി, ഗൈനക്കോളജി, ഇ.എൻ.ടി., ഓർത്തോ തുടങ്ങി വിവിധ വിഭാഗങ്ങളുള്ള ഓപ്പറേഷൻ തിയറ്റർ സമുച്ചയം, മെഡിക്കൽ റെക്കോർഡ് ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും ഫർണിച്ചറും അനുവദിക്കുന്ന നടപടികൾ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് തലത്തിൽ പുരോഗമിക്കുകയാണ്.