കൊട്ടിയൂരില്‍ ഓടൻതോട് പുഴയില്‍ അവശനിലയില്‍ കണ്ടെത്തിയ മലമാനിന് രക്ഷകരായി വനപാലകർ. കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി, മണത്തണ സെക്ഷൻ അതിർത്തി പങ്കിടുന്ന ഓടംതോട് പുഴയിലാണ് ഇടതു കൊമ്പിന് അടിഭാഗത്തായി ചോര പൊടിയുന്ന നിലയില്‍ കണ്ടത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മാനിനെ കണ്ടെത്തിയത്. ആറളം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ അയ്യപ്പ ക്ഷേത്രത്തിന് പിറകിലെ ഓടൻതോട് പുഴയില്‍ വെള്ളത്തില്‍ മലമാൻ കിടക്കുന്നുണ്ടെന്ന് വിവരത്തെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയും, സെക്ഷൻ സ്റ്റാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാനിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ആണ്‍ വർഗ്ഗത്തില്‍പെട്ട, നാലു വയസ്സ് പ്രായം തോന്നിക്കുന്ന മലമാനിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് കൊമ്പിന് അടിഭാഗത്തായി ചോര പൊടിയുന്നതായി കണ്ടത്. ശരീര ഭാഗങ്ങള്‍ക്ക് പരുക്കുകളോ മുറിവുകളും ഒന്നും തന്നെ ഇല്ലായിരുന്നു.
ഇടതു കൊമ്പിന് അടിഭാഗത്തായി ചോര പൊടിയുന്നതായി കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് കൊമ്പിന് താഴെ മുറിവും, ഈച്ച മുട്ടിയിട്ട് പെരുകി പുഴുക്കളായി മാറിയ നിലയിലും കണ്ടത്. പുഴുക്കളുടെ ആക്രമണം സഹിക്കാനാവാതെയാണ് മലമാൻ വെള്ളത്തില്‍ വന്നു കിടന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
മാൻ കൊമ്പ് പൊഴിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയതാകാമെന്നാണ് നിഗമനം. തുടർന്ന് ഉദ്യോദസ്ഥർ മേലാധികാരിയെയും, വെറ്റിനറി ഡോക്ടറെയും വിവരമറിയിക്കുകയും, വെറ്റിനറി ഡോക്ടർ സ്ഥലത്തില്ലാത്തതിനെ തുടർന്ന് സെക്ഷൻ സ്റ്റാഫ് പ്രാഥമിക ശുശ്രൂഷ എന്ന നിലയ്ക്ക് മുറിവില്‍ നിന്ന് പുഴുക്കളെ മുഴുവനായും എടുത്തു കളഞ്ഞ് ഫസ്റ്റ് എയ്ഡ് ശുശ്രൂഷ മരുന്നു നല്‍കി മുറിവ് കെട്ടി മലമാനിനെ വനപാലകർ പ്രാഥമിക ചികിത്സ നല്‍കി നിരീക്ഷിച്ചു വരികയാണ്. വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി ചികിത്സ ഉറപ്പാക്കുമെന്ന് ഉദ്യോസ്ഥർ വ്യക്തമാക്കി.
