മട്ടന്നൂർ: സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് പുരസ്കാരം (40 ലക്ഷം രൂപ) മട്ടന്നൂർ നഗരസഭ സ്വന്തമാക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നും മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് പുരസ്കാരം ഏറ്റുവാങ്ങി.
അവാർഡ് ജേതാക്കളായി മട്ടന്നൂരിലേക്ക് തിരിച്ചെത്തുന്ന നഗരസഭാ ഭരണാധികാരികൾക്ക് ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് ആവേശോജ്ജ്വലമായ സ്വീകരണം നൽകും. 'സാദരം സാഭിമാനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടി മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് ആരംഭിക്കുന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജ് വരെ നീളുന്ന ഘോഷയാത്രയായാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. മട്ടന്നൂരിന്റെ ഈ അഭിമാന നേട്ടത്തിൽ പങ്കുചേരാൻ മുഴുവൻ ജനങ്ങളും സ്വീകരണ പരിപാടിയിൽ അണിനിരക്കണമെന്ന് സംഘാടകർ അറിയിച്ചു.
