ചക്കരക്കൽ: ഏച്ചൂരിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പരാതി നൽകി. ഏച്ചൂർ മാവിലാച്ചാലിലെ പോതിക്കോട്ടത്ത് പി. ബൈജു (42) ആണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറരയോടെ വീടിന്റെ വരാന്തയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബൈജുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുവായ സതീശനാണ് പോലീസിൽ പരാതി നൽകിയത്.
മരണത്തിന് മുൻപ് വൈകിട്ട് കാനച്ചേരി ചാപ്പയിൽ വെച്ച് ഓട്ടോ ഉടമയും ബൈജുവും തമ്മിൽ തർക്കവും ഉന്തും തള്ളുമുണ്ടായതായി ബന്ധുക്കൾ ആരോപിക്കുന്നു. ഈ സംഘർഷത്തിനിടെ തലയടിച്ച് വീണ ബൈജുവിനെ ഓട്ടോറിക്ഷയിൽ കയറ്റി മാവിലാച്ചാലിലെ വീട്ടിൽ എത്തിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
