Zygo-Ad

മാനദണ്ഡങ്ങൾ ലംഘിച്ചുള്ള നിർമ്മാണം; ആറാം മൈലിലെ ഒമാസ് ഹോട്ടൽ അടച്ചുപൂട്ടി

 


കൂത്തുപറമ്പ് : കോട്ടയം ഗ്രാമപഞ്ചായത്തിലെ ആറാം മൈൽ കുന്നിനുമീത്തലിൽ പ്രവർത്തിക്കുന്ന ഒമാസ് ഹോട്ടൽ അധികൃതർ അടച്ചുപൂട്ടി. കെട്ടിടത്തിന് മുകളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ അനധികൃത നിർമ്മാണത്തെത്തുടർന്ന് സിമന്റ് കട്ടകൾ തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് പതിച്ചതാണ് നടപടിക്ക് കാരണമായത്. വെള്ളിയാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിടാവശിഷ്ടങ്ങൾ താഴേക്ക് വീഴുകയായിരുന്നു.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുട്ടികൾ മഴ തുടങ്ങിയപ്പോൾ വീട്ടിനുള്ളിലേക്ക് കയറിയതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് വീട്ടുകാർ പലതവണ ഹോട്ടൽ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെങ്കിലും, "മുറ്റത്ത് ഇറങ്ങാതെ ശ്രദ്ധിച്ചോളൂ" എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു.

സംഭവം അറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കോട്ടയം ഗ്രാമപഞ്ചായത്ത് അധികൃതരും കതിരൂർ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിർമ്മിച്ച ഭാഗങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കുന്നതുവരെ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ച് ഹോട്ടൽ വീണ്ടും തുറക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ചെത്തി ഇത് തടഞ്ഞു. നേരത്തെ പാനൂർ പൂക്കോത്തെ ഒമാസ് ഹോട്ടൽ ശാഖയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നഗരസഭ അടച്ചുപൂട്ടിയിരുന്നു.



വളരെ പുതിയ വളരെ പഴയ