കൂത്തുപറമ്പ് : കൂത്തുപറമ്പ് - അഞ്ചരക്കണ്ടി - കണ്ണൂർ റൂട്ടിലെ യാത്രക്കാരുടെ പ്രിയപ്പെട്ട 'ജയശ്രീ' ട്രാൻസ്‌പോർട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ട പാരമ്പര്യവുമായി പുത്തൻ വാഹനത്തിലേയ്ക്ക് മാറുന്നു. 1952 ഏപ്രിൽ 4-ന് യാത്ര ആരംഭിച്ച ജയശ്രീ, തങ്ങളുടെ 74-ാം വർഷത്തിൽ ടാറ്റയിൽ നിന്നും അശോക് ലെയ്‌ലൻഡിലേക്കുള്ള വലിയൊരു ചുവടുമാറ്റവുമായാണ് പുതിയ ബസ് പുറത്തിറക്കുന്നത്.
കോട്ടയം അമയന്നൂരിലെ വിഖ്യാതരായ കൊണ്ടോടി ഓട്ടോക്രാഫ്റ്റ്‌സിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ് ബോഡി നിർമ്മിച്ചിരിക്കുന്നത്. ഈ റൂട്ടിലെ ആദ്യത്തെ വാഹനമായിരുന്ന MDM 4706-ന്റെ പ്രതാപം നിലനിർത്തിക്കൊണ്ടാണ് പുതിയ അംഗത്തിന്റെ വരവ്. കണ്ണൂരിന്റെ ഗതാഗത ചരിത്രത്തിൽ ജയശ്രീ എന്ന നാമം അടയാളപ്പെടുത്തിയ പരേതനായ വി. പി. വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി കൂടെനിൽക്കുന്ന ജീവനക്കാർക്കും യാത്രക്കാർക്കും നന്ദി അറിയിച്ചുകൊണ്ട്, കൂടുതൽ കരുത്തോടെ സർവ്വീസ് തുടരാൻ ഒരുങ്ങുകയാണ് ജയശ്രീ ട്രാൻസ്‌പോർട്ട്.
