പിണറായി: ചേരിക്കൽ-കോട്ടം പാലം യാഥാർത്ഥ്യമായതോടെ പ്രദേശം പുതിയൊരു ഗതാഗത കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത പാലത്തിലൂടെ കാത്തിരുന്ന കെഎസ്ആർടിസി ബസ് സർവീസ് ഔദ്യോഗികമായി ആരംഭിച്ചു.
തലശേരി - വടക്കുമ്പാട് - പിണറായി - ചേരിക്കൽ - കോട്ടം - പെരളശേരി - കണ്ണൂർ റൂട്ടിലാണ് പുതിയ ബസ് സർവീസ് അനുവദിച്ചിരിക്കുന്നത്. ഗതാഗത സൗകര്യങ്ങൾ കുറവായിരുന്ന ഈ മേഖലയിലെ ജനങ്ങൾക്ക് പുതിയ സർവീസ് വലിയ ആശ്വാസമാകും.
ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി. ഷെർളി നിർവഹിച്ചു. ചടങ്ങിൽ സി. നന്ദനൻ അധ്യക്ഷത വഹിച്ചു. പി.എം. അഖിൽ, കെ. പ്രേമൻ, സി. ചന്ദ്രൻ, എം. പ്രകാശൻ, എം.കെ. പ്രമോദ് ബാബു, എം.കെ. സുന്ദരൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു. പാലം വന്നതോടെ തലശേരിയിലേക്കും കണ്ണൂരിലേക്കുമുള്ള യാത്രാദൂരം കുറയുകയും പ്രദേശത്തെ വാണിജ്യ-ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
