പെരിങ്കരി: തോട് വൃത്തിയാക്കുന്നതിനിടെ സമീപത്തെ വീട്ടുമതിൽ ഇടിഞ്ഞുവീണ് മണ്ണുമാന്തി യന്ത്രത്തിന് (JCB) മുകളിൽ പതിച്ചു. പെരിങ്കരി കൂമന്‍തോട് പയ്യംപള്ളില്‍ പി.എസ്. വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ചെങ്കൽ മതിലാണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വീടിനും തോടിനും സംരക്ഷണത്തിനായി നിർമ്മിച്ച കൂറ്റൻ ചെങ്കൽ മതിലാണ് തോട് വൃത്തിയാക്കുന്ന പ്രവൃത്തിക്കിടെ പെട്ടെന്ന് തകർന്നു വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടിലെ തടസ്സങ്ങൾ നീക്കുന്നതിനിടെ മതിൽ തോട്ടിലേക്കും യന്ത്രത്തിന്റെ ക്യാബിന് മുകളിലേക്കും ഇടിഞ്ഞു വീഴുകയായിരുന്നു. ചെങ്കല്ലുകൾ ക്യാബിന് മുകളിൽ പതിച്ചെങ്കിലും ഡ്രൈവർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാത്തത് വലിയ ആശ്വാസമായി.
നാട്ടുകാരുടെ സഹായത്തോടെയാണ് ഡ്രൈവറെ യന്ത്രത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
