Zygo-Ad

സ്‌നേഹത്തിൽ ചാലിച്ചൊരു യാത്രയയപ്പ്


നരവൂർ: കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത യാത്രയയപ്പ്സമ്മാനം നൽകി നരവൂർ സൗത്ത് എൽ പി സ്‌കൂൾ.

ഈ വർഷം അഞ്ചാം ക്ലാസ് കഴിഞ്ഞ് മറ്റ് സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് അവരുടെ ഒരോരുത്തരുടേയും മനോഹരമായ ചിത്രം വരച്ച് നൽകിയാണ് ഹെഡ്മാസ്റ്റർ പി വി ദിജേഷിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് അവിസ്‌മരണീയമാക്കിയത്.

പേപ്പറിൽ ബ്രഷ്പേന ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്താണ് കുട്ടികൾക്ക് നൽകിയത്. സ്വന്തം ചിത്രം കുട്ടികളുടെ കൈകളിലേക്ക് നൽകുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം കാണാൻ വേണ്ടിയാണ് ഓരോ വർഷവും ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് നൽകാറുള്ളതെന്ന് ദിജേഷ് മാഷ് പറയുന്നു.

ചിത്രരചന പഠിച്ചിട്ടില്ലാത്ത ഈ അധ്യാപകൻ, കുട്ടികളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത്. അഞ്ചാം ക്ലാസിലെ ഇരുപത് കുട്ടികൾക്കാണ് ഈ വർഷം ആ ഭാഗ്യം ഉണ്ടായത്.

നരവൂർ സൗത്ത് എൽ പി സ്‌കൂളിൽ ചേർന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വച്ച് ചിത്രങ്ങൾ കുട്ടികൾക്ക് കൈമാറി.

പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ പി വി ദിജേഷ്, അധ്യാപകരായ കെ ദിപിൻ, സി രജിൻ, വി രഗില, എ കെ യജുഷ, വി രഗിന ,എ കെ സ്വാതി, ധനിത കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ