കൂത്തുപറമ്പ്: ചെറുവാഞ്ചേരി ടൗണിന് സമീപം കെഎസ്ഇബി ലൈനിൽ ജോലി ചെയ്യുന്നതിനിടെ കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പാനൂർ കടവത്തൂർ സ്വദേശി അമൽ ആണ് മരിച്ചത്
ബുധനാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു ദാരുണമായ അപകടം നടന്നത്. എൽടി ലൈൻ മാറ്റി എബിസി (ABC) കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അമൽ. ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്നതിനാൽ ഷോക്കേറ്റ അമൽ പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഉടൻതന്നെ സഹപ്രവർത്തകർ ചേർന്ന് അമലിനെ താഴെയിറക്കി തൊട്ടടുത്തുള്ള പാട്യം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

