അഞ്ചരക്കണ്ടി :മാനേജ്‌മെന്റ് സംഘടനാ പ്രവർത്തനം നിരോധിച്ചിരുന്ന അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിൽ എസ്എഫ്ഐ യൂണിറ്റ് നിലവിൽ വന്നു. ബിഡിഎസ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ മാർച്ചിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യൂണിറ്റ് രൂപീകരണം. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ നിലവിൽ കോളേജിൽ സാഹചര്യമില്ലാത്ത അവസ്ഥയായിരുന്നു.
കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ യൂണിറ്റ് രൂപീകരണ കൺവൻഷൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി ആദർശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയൽ തോമസ്, നന്ദജ് ബാബു, ടി പി അഖില, സ്വാതി പ്രദീപ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ഷാലോമി
സെക്രട്ടറി: ആഷിഖ്
യൂണിറ്റ് രൂപീകരണത്തിന് പിന്നാലെ ഷാലോമി ക്യാമ്പസിൽ എസ്എഫ്ഐ പതാക ഉയർത്തി
