മട്ടന്നൂർ: മട്ടന്നൂർ കട്ടാൻ കവർ ഭാഗത്ത് പുലിയെ കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിനായി മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
നഗരസഭ ചെയർമാൻ എൻ. ഷാജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രദേശവാസി പുലിയെ കണ്ടതായി അറിയിച്ചത്.
ഇതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുണ്ടെന്ന സ്ഥിരീകരണം നൽകാനായിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയിൽ വനംവകുപ്പ് മേഖലയിൽ രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
പഴശി കനാലിനോട് ചേർന്നുള്ള ഭാഗങ്ങളിൽ വലിയ തോതിൽ കാട് മൂടിക്കിടക്കുന്നത് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യത്തിന് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. 50 വർഷം മുൻപ് കനാലിനായി നിർമ്മിച്ച ടണലിന്റെയും പരിസരത്തെയും കാട് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജലസേചന വകുപ്പ് അധികൃതരോട് ആവശ്യപ്പെടുമെന്ന് യോഗം തീരുമാനിച്ചു. പ്രദേശത്തെ വികസന പ്രശ്നങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ഒരു വികസന സമിതിക്കും യോഗത്തിൽ രൂപം നൽകി. കൗൺസിലർമാരായ സി. ശ്രീലത, പി. സത്യകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

