കൂത്തുപറമ്പിനടുത്ത് കായലോട് പറമ്പായി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി 8 മണിയോടെയാണ് മില്ലിൽ നിന്ന് പുകയുയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. നിമിഷങ്ങൾക്കകം തീ മില്ലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
മില്ലിനുള്ളിൽ ഉണ്ടായിരുന്ന വൻതോതിലുള്ള വെളിച്ചെണ്ണയും മറ്റ് വസ്തുക്കളും തീയുടെ ആക്കം കൂട്ടി. വലിയ രീതിയിൽ തീയും പുകയും ഉയരുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കൂത്തുപറമ്പിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്നാണ് നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. മില്ലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
