പിണറായി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ആവശ്യമായ വിളക്കുതിരികളും കിള്ളിശീലകളും നെയ്തെടുക്കുന്നതിനുള്ള സംഘം മഠത്തിൽ പ്രവേശിച്ചു. കൂത്തുപറമ്പ് പുറക്കളത്ത് തിരൂർക്കുന്ന് മഹാഗണപതി ക്ഷേത്രത്തിന് സമീപം പ്രത്യേകം മഠംകെട്ടിയാണ് വിളക്കുതിരികൾ നെയ്തെടുക്കുന്ന ചടങ്ങുകൾ നടക്കുന്നത്.
കൊട്ടിയൂർ ഉത്സവത്തിന് ഉപയോഗിക്കുന്ന വിളക്കുതിരികൾ, സ്ഥാനികർക്കുള്ള ഉത്തരീയങ്ങൾ, ദേവസ്ഥാനങ്ങളിൽ മറയ്ക്കാൻ ഉപയോഗിക്കുന്ന കിള്ളിശീലകൾ എന്നിവ കൈത്തറിയിലാണ് നെയ്തെടുക്കുന്നത്. മണിയൻ ചെട്ട്യാൻ സ്ഥാനികൻ കറുത്ത പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വ്രതശുദ്ധിയോടെ മഠത്തിൽ പ്രവേശിച്ച് നെയ്ത്ത് ജോലികൾ ആരംഭിച്ചത്.
ഈ മാസം 21-ാം തീയതി രാത്രി 11 മണിയോടെ സംഘം കൊട്ടിയൂരിലേക്കുള്ള യാത്ര തിരിക്കും. ആവശ്യമായ തിരികളും മറ്റ് വസ്ത്രങ്ങളും കാൽനടയായാണ് കൊട്ടിയൂരിലേക്ക് എത്തിക്കുക. ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന സംഘം വിളക്കുതിരി കെട്ടുകൾ ക്ഷേത്രാധികാരികൾക്ക് സമർപ്പിക്കും. തുടർന്ന് ക്ഷേത്ര ഊരാളന്മാർ അടിയന്തര യോഗം ചേർന്ന് വിളക്കുതിരികളും കിള്ളിശീലയും ഉത്തരീയങ്ങളും ഔദ്യോഗികമായി ഏറ്റുവാങ്ങുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.
