പൂവ്വത്തിൻകീഴ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്കായി സേവാഭാരതിയുടെ പാട്യം, കുന്നോത്തുപറമ്പ്, പാനൂർ യൂണിറ്റുകൾ സംയുക്തമായി പൂവ്വത്തിൻകീഴിൽ ഒരുക്കുന്ന അന്നദാനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം സൂരജ് സൺ ഭദ്രദീപം കൊളുത്തി അന്നദാനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
അന്നദാനസമിതി പ്രസിഡന്റ് പ്രേമൻ കൊല്ലമ്പറ്റയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവകസംഘം കണ്ണൂർ വിഭാഗ് സഹകാര്യവാഹ് കെ. ശ്രീജേഷ് മുഖ്യപ്രഭാഷണവും സേവാസന്ദേശവും നൽകി. സേവാഭാരതി കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. നീരജ് സംഘടനയുടെ വിവിധ കാരുണ്യ-സേവന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ചടങ്ങിൽ എസ്.ആർ. വിനോദ്കുമാർ സ്വാഗതവും അനീഷ് ചെറുപ്പറമ്പ് നന്ദിയും രേഖപ്പെടുത്തി. വൈശാഖ മഹോത്സവക്കാലത്ത് കൊട്ടിയൂരിലേക്ക് പോകുന്ന നൂറുകണക്കിന് തീർത്ഥാടകർക്ക് ഈ അന്നദാനകേന്ദ്രം വലിയ ആശ്വാസമാകും.
#
