Zygo-Ad

പേരാവൂരിന് അഭിമാന നിമിഷം; സണ്ണി ജോസഫ് സംസ്ഥാന റവന്യൂ മന്ത്രിയായി ചുമതലയേൽക്കും

 


പേരാവൂർ: കണ്ണൂർ ജില്ലയിലെ മലയോര മണ്ഡലമായ പേരാവൂരിൻ്റെ എം എൽ എ സണ്ണി ജോസഫ് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നു. കെ.പി. നൂറുദ്ദീന് ശേഷം പേരാവൂർ മണ്ഡലത്തിൽ നിന്ന് മന്ത്രിസ്ഥാനത്തെത്തുന്ന ജനപ്രതിനിധിയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് തവണയും എംഎൽഎ മാത്രമായി മണ്ഡലത്തെ പ്രതിനിധീകരിച്ച സണ്ണി ജോസഫ്, നാലാം തവണയും ഉജ്ജ്വല വിജയം നേടിയാണ് മന്ത്രി പദവിയോടെ മണ്ഡലത്തിലേക്ക് തിരിച്ചെത്തുന്നത്. നിലവിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക മന്ത്രി കൂടിയാണ് അദ്ദേഹം.

കെപിസിസി പ്രസിഡൻ്റ് എന്ന നിലയിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാരമേറിയ ഉത്തരവാദിത്വത്തിനിടയിലായിരുന്നു അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ. സുധാകരൻ്റെ പിൻഗാമിയായി കഴിഞ്ഞ വർഷം മേയ് എട്ടിനാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റായി ചുമതലയേറ്റത്. പാർട്ടി അമരക്കാരനായി ഒരു വർഷം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ തേടി മന്ത്രിസ്ഥാനവുമെത്തുന്നത്.

സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതോടെ ഇത്തവണ മണ്ഡലം ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയായിരുന്നു. രണ്ട് ജനപ്രിയ എംഎൽഎമാർ തമ്മിൽ മാറ്റുരച്ച മത്സരം എന്ന നിലയിൽ സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ പേരാവൂർ ശ്രദ്ധാകേന്ദ്രമായി മാറി.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ സണ്ണി ജോസഫ് കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ഡിസിസി പ്രസിഡൻ്റ്, യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ, കണ്ണൂർ ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

എൽസി ജോസഫ് ആണ് ഭാര്യ. മക്കൾ: ആശ റോസ് (സഹകരണ ബാങ്ക്, കോഴിക്കോട്), ഡോ. അഞ്ജു റോസ് (കോഴിക്കോട് മെഡിക്കൽ കോളജ്). മരുമക്കൾ: പ്രകാശ് മാത്യു (ബിസിനസ്), ഡോ. സാൻസ് ബൗസിലി (റേഡിയോളജിസ്റ്റ്).



വളരെ പുതിയ വളരെ പഴയ