സ്കോട്ട്ലൻഡിൽ ജൂലൈ മാസത്തിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ റിലേ ടീമിൽ ഇരിട്ടി അയ്യൻകുന്ന് ചരൽ സ്വദേശിനി അൻസ ബാബു പാലമറ്റത്തിൽ ഇടം നേടി. 4x400 മീറ്റർ മിക്സഡ് റിലേയിലാണ് കേരളാ പോലീസിൽ ഹവിൽദാറായ അൻസ ഇന്ത്യൻ ജഴ്‌സി അണിയുന്നത്. നിലവിൽ കണ്ണൂർ മാങ്ങാട്ടുപറമ്പിലാണ് അൻസ ജോലി ചെയ്യുന്നത്. ഇതിന് പുറമെ ഈ മാസം ചൈനയിൽ നടക്കുന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലും അൻസ അംഗമാണ്. ഇതിനായുള്ള സംഘം ഇന്ന് പുറപ്പെടും.
നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുള്ള മികച്ച അത്ലറ്റാണ് അൻസ ബാബു. പോലീസ് മീറ്റുകളിൽ 400 മീറ്ററിലും 4x400 മീറ്റർ റിലേയിലും താരം സ്വർണ്ണം നേടിയിട്ടുണ്ട്. കായിക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അൻസയുടെ വളർച്ച. ബാബു പാലമറ്റത്തിന്റെയും മികച്ച ബാസ്‌ക്കറ്റ് ബോൾ കളിക്കാരി കൂടിയായ മേഴ്സിയുടെയും മകളാണ്. എബിൻ സഹോദരനാണ്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ അങ്ങാടിക്കടവ് സ്വദേശി തൈക്കണ്ടത്തിൽ ജിജോയാണ് ഭർത്താവ്.
