Zygo-Ad

ബാരാപോൾ പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതിഷേധം: നാട്ടുകാർ കർമസമിതി രൂപീകരിച്ചു


 ബാരാപോൾ പദ്ധതി പ്രദേശം സന്ദർശിച്ച് മന്ത്രി സണ്ണി ജോസഫ് നടത്തിയ പ്രഖ്യാപനങ്ങൾ പ്രതിഷേധാർഹമെന്ന് പ്രദേശത്തെ കുടുംബങ്ങൾ അറിയിച്ചു. പദ്ധതി കാരണം ആശങ്കയിൽ കഴിയുന്ന തങ്ങളെ അറിയിക്കാതെയാണ് മന്ത്രി സ്ഥലം സന്ദർശിച്ചതെന്നും തുടർന്ന് നടത്തിയ പ്രഖ്യാപനങ്ങൾ തദ്ദേശവാസികളുടെ അറിവോ സമ്മതമോ കൂടാതെയാണെന്നും ദുരിതബാധിതർ കുറ്റപ്പെടുത്തി. കനാൽ ചോർച്ചയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കുടുംബങ്ങൾ ജിന്റോ കൊച്ചുവീട്ടിലിന്റെ വീട്ടിൽ യോഗം ചേർന്ന് ഭാവി പ്രക്ഷോഭങ്ങൾക്കായി കർമസമിതി രൂപീകരിച്ചു.

പാലത്തിൻകടവ് വികാരി ഫാ. ജോൺപോൾ പൂവത്താനി (രക്ഷാധികാരി), ഡെന്നി നെല്ലിയാനി (ചെയർപേഴ്‌സൺ), ജിന്റോ കൊച്ചുവീട്ടിൽ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പദ്ധതിയിൽ വൈദ്യുതി ഉൽപ്പാദനം പുനരാരംഭിക്കുന്നതിന് മുൻപായി ആക്ഷൻ കമ്മിറ്റി മുന്നോട്ടുവെക്കുന്ന നാലിന നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് കർമസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇലവുങ്കൽ യാഷിക്കിന്റെ സ്ഥലത്തിന്റെ ഭാഗം മുതൽ പവർഹൗസ് വരെയുള്ള 1.400 കിലോമീറ്റർ കനാൽ ഭാഗം പൂർണമായും പൊളിച്ചുനീക്കി കോൺക്രീറ്റിൽ പുനർനിർമിക്കണം. ഇത് സാധിക്കില്ലെങ്കിൽ കനാലിന് താഴെ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളുടെയും വീടുകളും വസ്തുവകകളും അർഹമായ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയും, ഇവരെ പുനരധിവസിപ്പിച്ചതിന് ശേഷം മാത്രം വൈദ്യുതി ഉൽപ്പാദനം ആരംഭിക്കുകയും ചെയ്യണം. കനാൽ പുനർനിർമിക്കാതെ താൽക്കാലിക പ്രവൃത്തി നടത്തി വെള്ളം കടത്തിവിടാൻ അനുവദിക്കില്ലെന്നും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനും നിയമ നടപടിക്കും നേതൃത്വം നൽകുമെന്നും കർമസമിതി ഭാരവാഹികൾ വ്യക്തമാക്കി.





വളരെ പുതിയ വളരെ പഴയ