കൂത്തുപറമ്പ് ടൗൺഹാൾ നിർമ്മാണ പ്രവൃത്തികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിർമ്മാണം ആറാം വർഷത്തിലേക്ക് കടന്നിട്ടും എന്ന് പൂർത്തിയാകും എന്നതിന് കൃത്യമായ മറുപടി നൽകുവാൻ അധികൃതർക്ക് സാധിക്കുന്നില്ല. നടപടികൾ വേഗത്തിലാക്കിയില്ലെങ്കിൽ ആർട്ടിസ്റ്റ് ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നാണ് പ്രദേശത്തെ കലാരംഗത്തുള്ളവർ നൽകുന്ന മുന്നറിയിപ്പ്.
ആറ് കോടി രൂപയോളം ചിലവഴിച്ചാണ് 2020 ൽ ടൗൺഹാളിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്. എന്നാൽ ഇനിയും മൂന്ന് കോടിയിലേറെ രൂപ ലഭിച്ചാൽ മാത്രമേ പണി പൂർണ്ണമായി തീർക്കാൻ സാധിക്കുകയുള്ളൂ. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ചെറിയ തുകയ്ക്ക് വേദി ലഭിക്കേണ്ട കലാകാരന്മാർ നിലവിൽ വലിയ തുക മുടക്കി മറ്റ് പല സ്വകാര്യ വേദികളെയും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.
കാലതാമസം മാത്രമല്ല ടൗൺഹാൾ നിർമ്മാണത്തിലെ പ്രധാന പ്രശ്നമെന്ന് കലാകാരന്മാർ ആരോപിക്കുന്നു. നാടകങ്ങൾ, സംഗീത പരിപാടികൾ, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ നടത്തുവാൻ ഒട്ടും അനുയോജ്യമല്ലാത്ത രീതിയിലാണ് ടൗൺഹാളിന്റെ ഘടനയെന്ന് കലാമണ്ഡലം മഹേന്ദ്രൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് നിലകളിലായി ടൗൺഹാൾ നിർമ്മിക്കുമെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനമെങ്കിലും നിലവിൽ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും ഒരു ബാൽക്കണിയും മാത്രമാണ് ഇതിലുള്ളത്. പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് കരാർ ഏറ്റെടുത്ത പ്രവർത്തികൾ വയനാട് നെസ്റ്റ് കൺസ്ട്രക്ഷൻസിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ നടക്കുന്നത്.
അതേസമയം നാലാംഘട്ട പ്രവർത്തികൾക്കായി 3.35 കോടി രൂപ കൂടി അനുവദിച്ചു കിട്ടേണ്ടതുണ്ടെന്നും ഈ തുക നിലവിൽ പാസ്സായിട്ടുണ്ടെന്നുമാണ് നിർമ്മാണം വൈകുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ അധികൃതർ നൽകുന്ന വിശദീകരണം. തുക അനുവദിച്ച സ്ഥിതിക്ക് നിർമ്മാണത്തിലെ അപാഗതകൾ പരിഹരിച്ച് എത്രയും വേഗം പ്രവൃത്തികൾ പൂർത്തിയാക്കി ടൗൺഹാൾ പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്നാണ് സികെജി തിയേറ്റേഴ്സ് പ്രസിഡന്റ് പി കെ അരവിന്ദാക്ഷൻ അടക്കമുള്ള കലാസാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത്.


