കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച കൊട്ടിയൂരും പരിസര പ്രദേശങ്ങളും ജനനിബിഡമായി. സ്കൂൾ തുറക്കുന്നതിന് മുൻപുള്ള ദിവസമായതിനാലും ഉത്സവം തുടങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ചയായതിനാലും വെളുപ്പിന് മുതൽ തന്നെ കൊട്ടിയൂരിലേക്ക് വലിയ രീതിയിലുള്ള തീർഥാടക പ്രവാഹമാണ് അനുഭവപ്പെട്ടത്.
കേരളത്തിന് പുറമെ കർണാടകത്തിൽ നിന്നും റെക്കോഡ് ജനക്കൂട്ടമാണ് ഇത്തവണ കൊട്ടിയൂരിൽ എത്തിയത്. പുലർച്ചെ മുതൽ ടൂറിസ്റ്റ് ബസ്സുകളും ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കൊട്ടിയൂർ ലക്ഷ്യമാക്കി എത്തിക്കൊണ്ടിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളാണ് ഞായറാഴ്ച എത്തിയവരിൽ ഭൂരിഭാഗവും. ഇതോടെ തിരുവഞ്ചിറ രാവിലെ മുതൽ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. വൈകിട്ട് കനത്ത മഴ പെയ്തെങ്കിലും അത് ജനത്തിരക്കിനെ ഒട്ടും ബാധിച്ചില്ല. കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയതിനാലും പൊലീസിന്റെ കൃത്യമായ ഇടപെടൽ കാരണവും ഇത്തവണ വഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായില്ല.
അതിനിടെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ താൽക്കാലിക ശ്രീകോവിൽ നിർമാണം ഞായറാഴ്ച ആരംഭിച്ചു. മുള, ഓട, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താൽക്കാലിക ശ്രീകോവിൽ നിർമിക്കുന്നത്. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിൽ ശ്രീകോവിൽ ഇല്ലാതെ മണിത്തറയിലാണ് ഇവിടെ പാരമ്പര്യ രീതിയിലുള്ള പൂജകൾ നടക്കുന്നത്.
