പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തിലേറെ പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മട്ടന്നൂർ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ പച്ചക്കറി വ്യാപാരിയായ വേങ്ങാട് സ്വദേശി ഷമീറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു.
ഇദ്ദേഹത്തിന്റെ വാനിൽ നടത്തിയ പരിശോധനയിലാണ് കാർണടകയിൽ നിന്നും പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക റെയ്ഡിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ കടകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതായിരുന്നു ഈ ലഹരി ശേഖരം. കർണാടകയിൽ നിന്ന് രാത്രി പച്ചക്കറി വണ്ടികളിൽ ലഹരി ഉൽപന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് മട്ടന്നൂർ ഇൻസ്പെക്ടർ എ. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. പച്ചക്കറികൾക്കടിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ ഇൻസ്പെക്ടർ എ. ബിനു, എസ്‌ഐ ഫൈറൂസ് മുഹമ്മദ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. രതീഷ്, ഷംസീർ അഹമ്മദ്, റിജിൽ എന്നിവരടങ്ങിയ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന പേരിൽ പോലീസ് പ്രത്യേക റെയ്ഡുകൾ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും കൂടുതൽ സ്ഥലങ്ങളിൽ റെയ്ഡുകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
