Zygo-Ad

വീണ്ടും മഴ ശക്തി പ്രാപിക്കുന്നു : പഴശ്ശി കനാൽ റോഡുകൾ വൻ അപകട ഭീഷണിയിൽ

 


​മട്ടന്നൂർ: വീണ്ടും മഴ ശക്തമാകുന്നതോടെ പഴശ്ശി കനാൽ റോഡുകൾ വൻ അപകട ഭീഷണിയിലേക്ക് നീങ്ങുന്നു. കനാലിലും റോഡരികിലുമായി വളർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങൾ വീണ് ഓരോ മഴക്കാലത്തും കോടികളുടെ നഷ്ടമാണ് ഇവിടെ ഉണ്ടാകുന്നത്. എന്നാൽ ഇപ്പോഴും നിരവധി വൻമരങ്ങളാണ് യാതൊരു സുരക്ഷാ നടപടിയുമില്ലാതെ അപകടക്കെണിയായി ഇവിടെ നിലകൊള്ളുന്നത്.

​കാർഷിക പുരോഗതിക്കും കുടിവെള്ള ലഭ്യതയ്ക്കുമായി ആരംഭിച്ച പഴശ്ശി പദ്ധതിയുടെ കനാലുകൾ ഓരോ മഴക്കാലത്തും കനത്ത നാശനഷ്ടമാണ് സർക്കാരിനുണ്ടാക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിൽ കടന്നുപോകുന്ന കനാലുകളുടെ തീരങ്ങളിൽ വലിയ മരങ്ങളാണ് വളർന്നു നിൽക്കുന്നത്. ഓരോ മഴയിലും ഇവ കടപുഴകി വീണ് കനാൽ റോഡുകൾ തകരാറിലാകുന്നത് പതിവാണ്. തുടർന്ന് ഇവയുടെ പുനർനിർമാണത്തിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നു.


​കഴിഞ്ഞ കാലവർഷത്തിൽ ഇത്തരത്തിൽ മരം വീണ് തകർന്ന ഭാഗങ്ങൾ ഇപ്പോഴും കനാൽ റോഡിലുണ്ട്. നിരവധി പരാതികൾ നൽകിയിട്ടും കനാലിലെയും പരിസരത്തെയും മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കനാലിന്റെ പല ഭാഗങ്ങളും കാടുമൂടിക്കിടക്കുകയാണ്. മുൻപ് മട്ടന്നൂർ നഗരസഭാ പരിധിയിലെ കനാലിലെ കാട്ടിൽ പുലി ഒളിച്ചിരുന്നത് വലിയ ജനഭീതിക്ക് കാരണമായിരുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട പഴശ്ശി കനാൽ അധികൃതരുടെ അവഗണന മൂലം ഇപ്പോൾ വലിയൊരു ഉപദ്രവമായി മാറിക്കൊണ്ടിരിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ