കൂത്തുപറമ്പ്: നാടിന്റെ സേവന മേഖലയിൽ പണിയെടുക്കുന്ന ടിപ്പർ തൊഴിലാളികൾ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ യാണ് കടന്നു പോകുന്നത്. നിർമ്മാണ മേഖലയിലെ പ്രതിസന്ധി കാരണം തൊഴിൽ ലഭ്യത ദിനംപ്രതി കുറഞ്ഞു വരികയാണ്.
ഒരു ദിവസം ഒരു ലോഡുമായി വരുന്ന ടിപ്പർ ലോറികളെ സ്കൂൾ ടൈം നിയന്ത്രണത്തിന്റെ പേരിൽ നാലു മണിക്കൂറിൽ അധികം ദിവസേന വഴിയിൽ തടഞ്ഞു പിഴ ചുമത്തി ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്യുകയാണ്.
സ്കൂൾ അവധി ദിവസങ്ങളിൽ പോലും പൂർണ്ണ സമയം തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. മാത്രവുമല്ല ഖനന കേന്ദ്രങ്ങളിൽ പരിശോധന നടത്താതെ വാഹനങ്ങൾ വഴിയിൽ തടഞ്ഞു പെർമിറ്റിന്റെ പേരിലും വൻ പിഴ ചുമത്തി ശിക്ഷിക്കുന്നതും ഡ്രൈവർമാരെയാണ്.
കിടപ്പാടം വരെ പണയം വെച്ച് സ്വയംതൊഴിൽ കണ്ടെത്തിയ ടിപ്പർ ലോറി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
ബഹു. ഹൈക്കോടതി വിധി പ്രകാരം സംസ്ഥാനത്ത് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം ഏകീകരിച്ച് സ്കൂൾ ടൈം നടപ്പിലാക്കണമെന്ന് കഴിഞ്ഞ സർക്കാറിന്റെ ഉത്തരവിനെതിരെയാണ് ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി ദിവസേന തോന്നിയത് പോലെ വാഹനങ്ങൾ തടഞ്ഞു വെക്കുകയും അവധി ദിവസങ്ങളിൽ പോലും പിഴ ചുമത്തുകയും ചെയ്യുന്നത്.
ഈ രംഗത്തെ തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ടി അശോകനും ജില്ലാ പ്രസിഡന്റ് കെ പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഭീമമായ ടാക്സും ഇൻഷൂറൻസും അടച്ച് തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
