Zygo-Ad

‘ഓപ്പറേഷൻ തൂഫാൻ’; ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ


ഇരിട്ടി: മയക്കുമരുന്നിനെതിരെ കേരള പൊലീസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കേരളത്തിലേക്ക് മെത്താംഫെറ്റമിൻ കടത്തിയ കേസിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു ഭുവനേശ്വരി നഗർ സ്വദേശി അമീർ ബാഷ (22) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഭുവനേശ്വരി നഗറിൽ വെച്ചാണ് പിടികൂടിയത്.

ടൂറിസ്റ്റ് ബസിൽ മെത്താംഫെറ്റമിൻ കടത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ പടിയൂർ സ്വദേശി ഡെന്നി എബ്രഹാം, കരിക്കോട്ടക്കരി സ്വദേശി ഫസലുദ്ദീൻ എന്നിവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ സൂത്രധാരനായ അമീർ ബാഷയെ കുറിച്ച് പൊലീസ് നിർണായക വിവരം ലഭിച്ചത്.

ഇരിട്ടി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇതിന് പിന്നിലെ പ്രധാന കണ്ണി പിടിയിലായത്. കേരളത്തിലേക്ക് മെത്താംഫെറ്റമിൻ എത്തിക്കുന്നതിന് ഫസലുദ്ദീൻ അമീർ ബാഷയുമായി ബന്ധപ്പെട്ടിരുന്നതായും, തുടർന്ന് അമീർ ബാഷ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ബസ് ഡ്രൈവറായ ഡെന്നി എബ്രഹാമിന് നൽകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എ.എസ്.ഐ. ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ആൽവിൻ, എസ്.പിയുടെ ലഹരി വിരുദ്ധ സേന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.




വളരെ പുതിയ വളരെ പഴയ