Zygo-Ad

കിടപ്പുരോഗികൾക്ക് തുണയായി കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് റിസയുടെ പുതിയ സാങ്കേതികവിദ്യ; രാജ്യത്തിന്റെ അംഗീകാരമായ പേറ്റന്റും സ്വന്തമാക്കി

 


കൂത്തുപറമ്പ് :​ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം വളരുന്ന കാലത്ത് കിടപ്പുരോഗികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ഏറെ ആശ്വാസമാകുന്ന പുതിയൊരു ആശയവുമായി കൂത്തുപറമ്പ് സ്വദേശിയായ മുഹമ്മദ് റിസ. കഴുത്തിന് താഴെ തളർവാദം വന്ന് പൂർണ്ണമായും കിടപ്പിലായ (ബിലോ നെക്ക് പാരാലിസിസ്) രോഗികൾക്ക് ആരുടെയും സഹായമില്ലാതെ സ്വന്തമായി ലൈറ്റും ഫാനും ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയുന്ന സാങ്കേതികവിദ്യയാണ് ഈ 22 കാരൻ വികസിപ്പിച്ചെടുത്തത്. ഈ അപൂർവ്വ കണ്ടുപിടിത്തത്തിന് രാജ്യത്തിന്റെ പേറ്റന്റ് അംഗീകാരവും മുഹമ്മദ് റിസയ്ക്ക് ലഭിച്ചുകഴിഞ്ഞു.

​നിലവിലെ സാങ്കേതികവിദ്യ അനുസരിച്ച് കിടപ്പുരോഗികൾക്ക് ഒരു സ്വിച്ചിടാൻ പോലും മറ്റൊരാളുടെ സഹായം തേടേണ്ടി വരാറുണ്ട്. എന്നാൽ മുഹമ്മദ് റിസ വികസിപ്പിച്ച ഈ പുതിയ സംവിധാനത്തിന് ഒരു സഹായിയുടെയോ, വോയിസ് കമാൻഡിന്റെയോ ആവശ്യമില്ല. ഇന്റർനെറ്റോ, വൈഫൈയോ, ബ്ലൂടൂത്തോ ഇല്ലാതെ പൂർണ്ണമായും ഐആർ ബേസ്ഡ് (IR Based) സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നത്. ചെന്നൈയിൽ റോബോട്ടിക്സ് വിദ്യാർത്ഥിയായ മുഹമ്മദ് റിസ, അനലോഗ് ആൻഡ് ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്ന വിഷയത്തിലെ തന്റെ കോളേജ് പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ സംവിധാനം തയ്യാറാക്കിയത്.

​പൂർണ്ണമായും തളർന്ന് കിടപ്പിലായ രോഗികൾക്ക് തല മാത്രമേ അനക്കാൻ സാധിക്കൂ എന്നതിനാലും, ചിലർക്ക് നാവിന്റെ മസിലുകൾ തളർന്ന് സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലും വോയിസ് കമാൻഡുകൾ പലപ്പോഴും പ്രായോഗികമാകാറില്ല. ഈ പ്രശ്നത്തിനാണ് തലയിൽ ധരിക്കാവുന്ന ഒരു ഐആർ ട്രാൻസ്മിറ്റർ ഡിവൈസ് (Head Mounted Device) വഴി മുഹമ്മദ് റിസ പരിഹാരം കണ്ടത്. ലോകത്ത് എവിടെയും ഇത്തരമൊരു സാങ്കേതികവിദ്യ മുൻപ് പരീക്ഷിച്ചിട്ടില്ലാത്തതിനാലാണ് റിസയുടെ കണ്ടുപിടിത്തത്തിന് പേറ്റന്റ് അനുമതി ലഭിച്ചത്.

​സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന ഈ കണ്ടുപിടിത്തം ഇതിനകം തന്നെ വിദേശ കമ്പനികളുടെ വരെ ശ്രദ്ധ നേടിക്കഴിഞ്ഞു. യുകെ ആസ്ഥാനമായുള്ള ഒരു പ്രമുഖ ഹെൽത്ത് കെയർ കമ്പനി മുഹമ്മദ് റിസയിൽ നിന്നും ഈ സാങ്കേതികവിദ്യ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പേറ്റന്റ് കൈമാറ്റ പ്രൊസീജറുകൾ ഇപ്പോൾ നടന്നുവരികയാണ്.


​കൂടാതെ കേരളത്തിൽ ആദ്യമായി 'പ്രിന്റ് മി' (PrintMe) എന്ന പേരിൽ തിരക്കുകൾ ഒഴിവാക്കാനുള്ള ഓട്ടോമേറ്റഡ് പ്രിന്റിങ് കിയോസ്ക് സാങ്കേതികവിദ്യയും ഈ ചെറുപ്പക്കാരൻ വികസിപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ വഴി ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് പെയ്‌മെന്റ് നടത്തി ക്യൂആർ കോഡ് സ്കാൻ ചെയ്താൽ നിമിഷങ്ങൾക്കകം പ്രിന്റ് ലഭ്യമാകുന്ന സംവിധാനമാണിത്. ഇതിനുപുറമെ സ്കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വർക്ക്ഷോപ്പുകളും മുഹമ്മദ് റിസ നടത്തിവരുന്നുണ്ട്. ഒരു ക്ലാസ് പ്രൊജക്റ്റായി തുടങ്ങിയ ഈ കൊച്ചു ആശയം ഇന്ന് അന്താരാഷ്ട്ര ശ്രദ്ധയിലേക്കാണ് വളർന്നിരിക്കുന്നത്.

കൂത്തുപറമ്പ് സ്വദേശികളായ ഇയാസ് ഉസ്മാൻ - റൈഹാന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിസ. റൂബ ഫാത്തിമ സഹോദരിയാണ്.

​ 

വളരെ പുതിയ വളരെ പഴയ