Zygo-Ad

ഇറ്റലിയിലും ഫ്രാൻസിലും ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം തട്ടി :നാലുപേർക്കെതിരെ ആലക്കോട് പോലീസ് കേസ് എടുത്തു

 


ആലക്കോട്: ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നാലുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ഉദയഗിരി അരിവിളഞ്ഞപൊയിൽ സ്വദേശി ജന്റിൽ ജോർജ് (27) നൽകിയ പരാതിയിലാണ് പോലീസ് നടപടി.

ചെറുപുഴ സ്വദേശികളായ പി. രാഹുൽ, സി.ബി. അരുൺ, എറണാകുളം തേവര സ്വദേശി മഞ്ജുള, തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി മാരി സെൽവം എന്നിവരാണ് കേസിലെ പ്രതികൾ. രാഹുലും അരുണും ഉടമകളും മഞ്ജുളയും മാരി സെൽവവും ഏജന്റുമാരുമായി പ്രവർത്തിക്കുന്ന 'നാറ്റി വേൾഡ്' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

2023 ഡിസംബർ 6 മുതൽ 2024 ഫെബ്രുവരി 23 വരെയുള്ള കാലയളവിൽ വിസ വാഗ്ദാനം ചെയ്ത് 19,30,000 രൂപ ബാങ്ക് വഴിയും ബാക്കി തുക നേരിട്ടുമായി ആകെ 24 ലക്ഷം രൂപ ഇവർ കൈപ്പറ്റി. എന്നാൽ വാഗ്ദാനം ചെയ്ത വിസയോ നൽകിയ പണമോ തിരികെ ലഭിച്ചില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ജന്റിൽ ജോർജിന്റെ സുഹൃത്തുക്കളായ അഖിൽ ഏബ്രഹാം (30), ലിബിൻ പി. ജോൺസൺ (30), അബിൻ ഷാജി (27) എന്നിവർക്കും തട്ടിപ്പിൽ പണം നഷ്ടമായിട്ടുണ്ട്. ജന്റിലിന്റെ പരാതിയിൽ വഞ്ചനാകുറ്റത്തിന് കേസെടുത്ത ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.


വളരെ പുതിയ വളരെ പഴയ