കൂത്തുപറമ്പ്: നീർവേലിയിൽ 33 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കണ്ണൂർ കക്കാട് സ്വദേശി കെ.ഒ മജീഫിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കാറിൽ കടത്തുകയായിരുന്ന 33 കിലോ കഞ്ചാവ് സംബന്ധിച്ച കേസിൽ നേരത്തെ മൂന്ന് പ്രതികൾ അറസ്റ്റിലായിരുന്നു. ആ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ വാടകയ്ക്ക് കൊടുത്തതും മജീഫാണെന്ന് പോലീസ് പറയുന്നു.
മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് കണ്ണൂർ കക്കാട്ടിലെ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് എത്തിയപ്പോൾ ആക്രമത്തിന് മുതിർന്ന പ്രതി ഗ്ലാസ് പൊട്ടിച്ച് കൈ മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിഐ ബിജു ആന്റണി, എസ്ഐ സനത്ത് പി പ്രദീപ്, എഎസ്ഐമാരായ രതീഷ്, ബിജി, ഷിജിൻ അക്കരെമ്മൽ, സിപിഒമാരായ അബ്ദുൾ നാസർ, നിദോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
