ഇരിട്ടി:ഇരിട്ടി പായത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തളിപ്പറമ്പിലെ ആദ്യകാല കോൺഗ്രസ് നേതാവ് എം കെ കേശവൻ (74) മരിച്ചു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം പുഴക്കുളങ്ങരയിലെ മറ്റത്തിൽ വീട്ടിൽ താമസക്കാരനാണ് ഇദ്ദേഹം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ സംസ്ഥാനപാതയിൽ പായം കപ്പച്ചേരിയിൽ വെച്ചായിരുന്നു അപകടം. കേശവൻ ഓടിച്ചിരുന്ന മാരുതി ആൾട്ടോ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇദ്ദേഹത്തെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വനജയാണ് ഭാര്യ. അമ്പിളി, അശ്വതി (സുപ്രീം കോടതി അഭിഭാഷക), അപർണ്ണ എന്നിവർ മക്കളാണ്. നിഷാന്ത്, സുജിത്ത് എന്നിവർ മരുമക്കളാണ്. സംസ്‌കാരം ഇന്ന് നടക്കും.
