കീഴല്ലൂർ: തെരൂർ വയലിൽ നാടിന്റെ കൂട്ടായ്മയിൽ ഇറക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് വിജയകരമായി പൂർത്തിയായി. തെരൂർവയൽ നാട്ടൊരുമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് പത്തുസെന്റ് സ്ഥലത്ത് പൂകൃഷി ആരംഭിച്ചത്.
യുവ ക്ഷീരകർഷകൻ പ്രദുൽ പ്രദീപ്, എളമപാറ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂക്കൾ കൈമാറിക്കൊണ്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഓണത്തിന് പൂക്കളം ഒരുക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൃഷിയിൽ നൂറുമേനി വിളവാണ് ലഭിച്ചത്.
ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി കെ കെ ജിജേഷ് അധ്യക്ഷത വഹിച്ചു. പിസി പത്മനാഭൻ, ടി പ്രകാശൻ, ആർ കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ കാർഷിക മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് തണ്ണിമത്തൻ കൃഷി ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ക്ലബ്ബിന്റെ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു.
