ചെറുവാഞ്ചേരി: പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് സമാപിച്ചു. പഠനത്തോടൊപ്പം സാമൂഹികബോധവും സേവനമനോഭാവവും പകർന്നുനൽകിയ ക്യാമ്പിൽ വിവിധ ബോധവത്കരണ ക്ലാസുകൾ, മോക് പ്ലേ, വ്യവസായ സന്ദർശനം, ശില്പശാല, പരേഡ്, സീറോ വേസ്റ്റ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കണ്ണവം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനൂപ് കെ. ഗോവിന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി പ്രഥമശുശ്രൂഷയിൽ മോക് പ്ലേയും ചെറുവാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് എൻ. എ. നയിച്ച ബോധവത്കരണ ക്ലാസും നടന്നു. വലിയവെളിച്ചം വ്യവസായ പാർക്കിലെ സ്ഥാപനങ്ങൾ സന്ദർശിച്ച കേഡറ്റുകൾ തൊഴിൽ സംസ്കാരത്തെക്കുറിച്ചും സംരംഭകത്വ സാധ്യതകളെക്കുറിച്ചും നേരിട്ടറിഞ്ഞു. കൂടാതെ മാലിന്യസംസ്കരണ പരിശീലനം, ഇ-വേസ്റ്റ് മാനേജ്മെന്റ്, കെ. ലിജുവിന്റെ നേതൃത്വത്തിൽ ശില്പകലാ ശില്പശാല എന്നിവയും സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ. കെ. ഷഫീർ, പി. ജിഷ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
