Zygo-Ad

വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; മൂന്നംഗ സംഘത്തെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു




ചക്കരക്കൽ: വ്യാജ സ്വർണം പണയം വെച്ച് ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടാളി സ്വദേശി മുഹമ്മദ് ഹഫ്‌‌നാസ് (37), ഇരിവേരി സ്വദേശികളായ ധനേഷ് ബാബു (44), മുനീർ ചന്ദ്രോത്ത് (48) എന്നിവരാണ് പിടിയിലായത്.

​പെരളശ്ശേരി കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളച്ചാൽ ഈവനിംഗ് ബ്രാഞ്ചിലായിരുന്നു പ്രതികൾ സംഘടിതമായി തട്ടിപ്പ് നടത്തിയത്. പ്രതികളായ ധനേഷും മുനീറും ചേർന്നാണ് വ്യാജ സ്വർണാഭരണങ്ങൾ പലതവണയായി ബാങ്കിൽ പണയം വെച്ചത്. മുനീർ 120.8 ഗ്രാമും ധനേഷ് 62.325 ഗ്രാമും തൂക്കം വരുന്ന വ്യാജ ആഭരണങ്ങൾ നൽകി 17 ലക്ഷത്തി ഇരുപതിനായിരം രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആഭരണങ്ങളിൽ 916 BIS എന്ന് വ്യാജമായി മുദ്ര പതിപ്പിച്ചിരുന്നു. ചെമ്പിലും മെഴുകിലും തീർത്ത ആഭരണങ്ങളിൽ സ്വർണം പൂശിയാണ് ഇവർ തട്ടിപ്പിനായി ഉപയോഗിച്ചത്. ഈ വ്യാജ ആഭരണങ്ങൾ ധനേഷിനും മുനീറിനും എത്തിച്ചു നൽകിയത് കൂടാളി സ്വദേശിയായ ഹഫ്നാസ് ആണെന്ന് പോലീസ് കണ്ടെത്തി.

​ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതികളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം വേഗത്തിലാക്കിയത്.

​കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്‌ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം എസ്.ഐ.മാരായ വിനീത് ഇ. വി, മഹേഷ്, എ.എസ്.ഐ ഷിജിത്ത് കുമാർ, സീനിയർ സി.പി.ഒ.മാരായ ഷിജു എൻ. വി, സനൂപ്, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

വളരെ പുതിയ വളരെ പഴയ