മങ്ങാട്ടിടം: മങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കൈതേരി ഇടംവയലിൽ ഇറക്കിയ ഹൈബ്രിഡ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വിഷരഹിതമായ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി കൃഷിഭവന്റെ പിന്തുണയോടെയാണ് ഇടംവയലിൽ ഹൈബ്രിഡ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്. നൂതന കൃഷിരീതികൾ പ്രയോജനപ്പെടുത്തിയതിനാൽ മികച്ച വിളവാണ് പ്രദേശത്ത് ലഭിച്ചത്.
ചടങ്ങിൽ പ്രാദേശിക ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശത്തെ കർഷകർ എന്നിവർ പങ്കെടുത്തു. കൃഷി മേഖലയിൽ ഇത്തരം മാതൃകാപരമായ മുന്നേറ്റങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
