പിണറായി: 2026-27 വാർഷിക പദ്ധതിക്കായി അനുവദിച്ച തുകയിൽ വരുത്തിയ വെട്ടിക്കുറവ് പുനഃപരിശോധിച്ച് അർഹമായ വികസന ഫണ്ട് അനുവദിക്കണമെന്ന് പിണറായി പഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മുൻ സർക്കാർ ബജറ്റിൽ അനുവദിച്ച വികസന ഫണ്ടും പ്രത്യേക ഘടക പദ്ധതിക്കുള്ള ഫണ്ടും പുതിയ സർക്കാർ അടുത്തിടെ അവതരിപ്പിച്ച ബജറ്റിൽ വെട്ടിക്കുറച്ചതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനാൽ വിതരണം ചെയ്യാനാകാതെ പോയ മൂന്നാം ഗഡു തുക ഇതുവരെയും അനുവദിച്ചിട്ടില്ല. ഇതുമൂലം പദ്ധതികൾ പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമാണുള്ളതെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.
