കൂത്തുപറമ്പ്: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും വരാനിരിക്കുന്ന ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനുമായി കൂത്തുപറമ്പ് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അടിയന്തര നടപടികൾ പ്രഖ്യാപിച്ചു. വി കെ സി ഹാളിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ ആഗസ്ത് 15 മുതൽ പ്രാബല്യത്തിൽ വരും.
നഗരത്തിലെ ഗതാഗത സംവിധാനം സമഗ്രമായി പരിഷ്കരിക്കുന്നതിനായി ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കാനും വിശദമായ പഠനത്തിനായി വിദഗ്ധ ഏജൻസികളെ സമീപിക്കാനും യോഗം തീരുമാനിച്ചു. ഓണക്കാല തിരക്ക് മുന്നിൽ കണ്ട് നഗരസഭാ പരിധിയിലെ തെരുവോര കച്ചവടങ്ങൾ മുഴുവൻ കൂത്തുപറമ്പ് സ്റ്റേഡിയത്തിന് സമീപം പ്രത്യേകം സജ്ജീകരിക്കുന്ന 'ഓണച്ചന്ത' പന്തലിലേക്ക് മാറ്റും.
പ്രധാന പരിഷ്കാരങ്ങൾ:
- ബസ് സ്റ്റാൻഡ് പരിസരത്തെ റോഡിലെ ബൈക്ക് പാർക്കിങ് പൂർണമായും ഒഴിവാക്കും.
- കൂത്തുപറമ്പ് സ്റ്റേഷൻ റോഡ്, ട്രഷറി റോഡ്, പഴയ നിരത്ത് റോഡ്, ഗവ. ആശുപത്രി റോഡ് എന്നിവിടങ്ങളിൽ ഒരു വശത്ത് മാത്രമായിരിക്കും പാർക്കിങ് അനുവദിക്കുക.
- നിർദിഷ്ട ബസ് സ്റ്റാന്റിനായി നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് കണ്ണൂർ റോഡിനോട് ചേർന്ന ഭാഗത്ത് 'പേ ആൻഡ് പാർക്കിങ്' സംവിധാനം ആരംഭിക്കും.
നഗരസഭ ചെയർപേഴ്‌സൺ വി ഷിജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ എം വി ശ്രീജ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൺവീനർ എം സുകുമാരൻ, കൂത്തുപറമ്പ് സിഐ ബിജു ആന്റണി, എസ്ഐ സനദ്, മുൻ നഗരസഭ ചെയർമാൻമാരായ കെ ധനഞ്ജയൻ, എൻ കെ ശ്രീനിവാസൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
